Friday, September 30, 2011

ഓണം...

ഓര്‍മകളുടെ പൂവിളികള്‍ ഉയരുന്ന ദിവസങ്ങള്‍, തൊടിയിലെ തെങ്ങോലകളുടെ ഇടയിലൂടെ ഒളിവെട്ടുന്ന സൂര്യകാന്തിയില്‍ എന്‍റെ ബാല്യം നൃത്തം വെക്കുമ്പോള്‍. മനസ്സിലെ പൊടിപ്പിടിച്ച പഴയ ഓര്‍മകളില്‍ എവിടെയോ മിന്നാമറയുന്ന എന്‍റെ കുട്ടിക്കാലം.. 


അതായിരുന്നോ എന്‍റെ യഥാര്‍ത്ഥ ജീവിതം.

ഓര്‍ക്കാന്‍ സുഖമുള്ളതും എന്നാല്‍ വേദനാജനകവുമായ എന്‍റെ ബാല്യകാലത്തിന്‍റെ ഓര്‍മ പരപ്പുകളിലേക്ക് ആഴ്ന്നിറങ്ങി മുങ്ങി പൊങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും പഴയ പത്തു വയസ്സുകാരന്‍ ആയതുപോലെ. ബ്രൌണ്‍ കളര്‍ ഷര്‍ട്ടും നീല ട്രൌസറും അണിഞ്ഞു അനിയന്‍റെ കയ്യും പിടിച്ചു സ്കൂളില്‍ പോയതും, കണ്ണിമാങ്ങ പറിച്ചതും, തോട്ടിലെ പരല്‍ മീനിനെ കുട വച്ച് പിടിച്ചു ചോറ്റുപാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയതുമായ എന്‍റെ ബാല്യം.

തോട്ടിലെ വെള്ളത്തില്‍ കുട നിവര്‍ത്തി മീന്‍ പിടിക്കുമ്പോള്‍ ഒടിയുന്ന കുടക്കമ്പിയുടെ അവസ്ഥയനുസരിച്ച് അടികള്‍ ധാരാളം വാങ്ങി കൊണ്ടിരുന്ന ഞാന്‍ അനിയനോട് കെറുവിച്ച് പിണങ്ങിയകാലം. 
കാരണം നിസ്സാരം, ഞങ്ങളില്‍ ആര് എന്ത് ചെയ്താലും അടി എനിക്ക്. കുസൃതിയായ അനിയന്‍ ചെയ്യുന്ന കൊച്ചു വിക്രിതികള്‍ക്ക്‌ പ്രതിയായി അവസാനം പിതാവിന്‍റെയും മാതാവിന്‍റെയും വിധിക്ക് മുന്നില്‍ കുറ്റക്കാരനായി നിസ്സഹായനായി തല്ലുകള്‍ ധാരാളം വാങ്ങി കൂട്ടിയിരുന്ന, എന്നാല്‍ അതിലൊന്നും അത്ര വലിയ കാര്യം ഒന്നുമില്ലെന്നും വിശ്വസിച്ചു ഇനിയും അടികള്‍ വാങ്ങി കൂട്ടുമെന്ന് വാശിയോടെ പ്രഖ്യാപിച്ച് നടന്നിരുന്ന ഒരു ബാല്യമായിരുന്നു അത്. എന്‍റെ വെല്ലുവിളികള്‍ എനിക്ക് വരദാനങ്ങളായ കാലം.

അടികള്‍ ദിനം പ്രതി കൂടി തുടങ്ങി. ഇതിനിടയില്‍ ഞാന്‍ എപ്പോഴോ ആ നീല ട്രൌസര്‍ മാറി പാന്‍റ് ധരിക്കാന്‍ തുടങ്ങിയിരുന്നു. എന്നെ തല്ലി തല്ലി വീട്ടുകാര്‍ വലഞ്ഞതല്ലാതെ എന്‍റെ ഭാഗത്ത് നിന്നും എതിര്‍പ്പോ പ്രതികരണമോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒടുവില്‍ ക്ഷമ നശിച്ചു വീട്ടുകാര്‍ അടി എന്ന പ്രക്രിയയ്ക്ക് അന്ത്യ വിരാമം ഇട്ടു. അപ്പനാണ് നിര്‍ത്തിയത്. അമ്മ ഇന്നും നിര്‍ലോഭം തുടരുന്നു. അപ്പന്‍റെ കൈവിരല്‍ പാടുകള്‍ വീണ കവിളുകള്‍ തഴുകുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വേദനിപ്പിക്കുന്നുവെന്നു തോന്നുന്നു. ഓണക്കാലത്ത് അടികളും ഇടികളും വീട്ടില്‍ നിന്നും കിട്ടുന്നത് പോരാതെ വഴിയില്‍ നിന്നും ഒരുപാട് വാങ്ങുമായിരുന്നു ഞാന്‍.
.
ഓണാവധിക്ക് സ്കൂള്‍ അടച്ചാല്‍ പിന്ന പാടത്ത് കളിയ്ക്കാന്‍ പോകുമ്പോളും കുളത്തില്‍ നീന്താന്‍ പോകുമ്പോളും അനിയന്‍ അടികള്‍ എനിക്കൊരുപാട് വാങ്ങി തന്നിട്ടുണ്ട്. പത്തു പേരുടെ മുന്നില്‍ വച്ച് ആരെയെങ്കിലും അവന്‍ അടിച്ചാല്‍ പോലും സാക്ഷികളും സാക്ഷിമൊഴികളും എനിക്കെതിരായിരുന്ന കാലം.

രസകരമായ അത്തപൂക്കളം ഇടുന്ന ജോലി കൃത്യമായി ചെയ്തിരുന്ന ഞാന്‍ അതിന്‍റെ പേരിലും ഒരുപാട് അടികള്‍ വാങ്ങി കൂട്ടി. രാവിലെ എഴുന്നേറ്റു കുളിച്ചു തൊടിയിലും അയല്‍വക്കത്തെ വീടുകളില്‍ നിന്നും മറ്റും പറിച്ചെടുത്ത പൂക്കള്‍ കൊണ്ട് എന്നാലാവും വിധം വട്ടത്തില്‍ പൂക്കളം ഇട്ടു പള്ളിയില്‍ പോയി വരുന്ന ഞാന്‍ കാണുന്നത് എന്‍റെ പൂക്കളം രൂപം പരിണമിച്ചു ചതുരാകൃതിയില്‍ ഇരിക്കുന്നതാണ്. വീണ്ടും അതിനെ പഴയ രൂപത്തിലാക്കി ഞാന്‍ എന്‍റെ ലോകത്തേയ്ക്ക് കടക്കും ചായ്പ്പില്‍ അമ്മയുടെ അനിയത്തി എല്ലാ അവധിക്കാലത്തും മറ്റുപലപ്പോഴും ഞങ്ങളെ കാണാന്‍ വരുമ്പോള്‍ കൊണ്ട് വന്നിരുന്ന കഥാപുസ്തങ്ങള്‍.,,, അവയാണെന്‍റെ ലോകം. മയില്‍പീലി സൂക്ഷിക്കുന്ന പോലെ ഒരു തുകല്‍ സഞ്ചിയില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന എന്‍റെ സമ്പാദ്യങ്ങളില്‍ എനിക്കേറ്റവും വിലപെട്ടത്‌... .



ഒരു പഴയ ട്രങ്ക് പെട്ടി നിറയെ കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഗോലി നിറച്ച കുപ്പികളും സമ്പാദ്യമായി ഉള്ള ഞാന്‍ ആരെയും ഇതൊന്നും തൊടാന്‍ പോലും അനുവധിക്കില്ലായിരുന്നു. അങ്ങനെ അവിടെയുള്ള ചുറ്റിതിരിയല്‍ ഒക്കെ കഴിഞ്ഞു മുറ്റത്തേയ്ക്ക് വരുമ്പോള്‍ പൂക്കളം ഡയമണ്ടാക്രിതിയില്‍ ആയിരിക്കും അങ്ങനെ അതിനെ ചൊല്ലി തര്‍ക്കങ്ങളായി വഴക്കായി ഒടുവില്‍ എന്നെ തല്ലിയത്തിന് ശേഷം അവന്‍ കരയുകയും അതിന്‍റെ പരിണിതഫലമായി തല്ല് ഞാന്‍ വാങ്ങുകയും ചെയ്തിരുന്നു.

തിരുവോണ നാളില്‍ ബഹുകേമം ആയ പരിപാടികള്‍ ആണ് മുടങ്ങാതെ എനിക്കും അനിയനും ഓണക്കോടി വാങ്ങി വന്നിരുന്ന എന്‍റെ അമ്മയുടെ അനിയത്തിയെയും അമ്മ വീട്ടുകാരെയും കാത്തിരിക്കുന്ന ഒരു മഹാ ചടങ്ങ് ഉണ്ടായിരുന്നു. ഇന്നും മുടങ്ങാതെ പോകുന്ന ചടങ്ങ്. അതിനിടയില്‍ എന്തെങ്കിലും കുരുത്തക്കേട്‌ ഞാനോ അനിയനോ ഒപ്പിക്കുകയും അടി വാങ്ങിക്കുകയും ചെയ്യുന്നത് സ്വാഭാവികം. അങ്ങനെ അടിയും കൊണ്ട് കരഞ്ഞിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അവരൊക്കെ കയറി വരുക. പെട്ടെന്ന് അന്തരീക്ഷം സജീവം ആകും ആളും തിരക്കും ഒച്ചയും ബഹളവും പൊതുവേ മിണ്ടാത്ത എന്‍റെ കണ്ടനാളങ്ങള്‍ തുറക്കുന്ന അസുലഭമുഹൂര്‍ത്തങ്ങള്‍. വീടിന്‍റെ ചുമരിനെ ഭേധിക്കുമാറു എന്‍റെ ശബ്ദം അലയടിക്കുന്ന വിശേഷദിവസങ്ങളില്‍ പ്രധാനം. പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് ഗമയില്‍ അയല്‍വക്കങ്ങളില്‍ പോകുന്ന ഞങ്ങളുടെ മുഖപ്രസാദം കാണുമ്പോള്‍ സന്തോഷിക്കുന്ന സുഹൃത്തുക്കളും പരിസ്സരവാസികളും.

എല്ലാം ഓര്‍മയുടെ മനോമുകുരത്തില്‍ ഇന്നലെ എന്നാ പോലെ തെളിഞ്ഞു വരുമ്പോള്‍ മനസ്സില്‍ വേദനയുടെ നേര്‍ത്ത തേങ്ങല്‍.. എന്‍റെ കണ്ടനാളങ്ങള്‍ ഇടറുന്നു. എന്നെ വിട്ടകന്നുപോയ എന്‍റെ കുഞ്ഞനുജന്‍റെ ഓര്‍മകള്‍ ഇന്നും എന്നെ തളര്‍ത്തുന്നു. അവന്‍റെ അവസാന നാളുകളില്‍ എന്നെ അതിരറ്റു സ്നേഹിക്കുകയും എന്നെ നോക്കി ചിരിച്ചുകൊണ്ട്. " നീ പോടാ ചേട്ടാ" എന്ന് വിളിച്ചു ഓടി അകലുന്ന എന്‍റെ അനിയന്‍. രോഗം കാര്‍ന്നു തിന്നുന്ന ശരീരവുമായി എന്നാല്‍ തളരാത്ത മനസ്സുമായി ഞങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഞങ്ങളുടെ തീരാനഷ്ടം. ഒടുവില്‍ തളര്‍ന്ന് മരണശയ്യയില്‍ കിടക്കുമ്പോള്‍ ഓര്‍മ്മ നഷ്ടപ്പെട്ട് എന്തൊക്കെയോ പുലമ്പുന്ന എന്‍റെ കൊച്ചനുജന്‍ എനിക്ക് നീട്ടിയ ചോക്ലേറ്റ്‌ ഞാന്‍ അവനു വായില്‍ വച്ച് കൊടുക്കുമ്പോള്‍ തന്‍റെ എല്ലാം എല്ലാമായ പേന എനിക്ക് നേരെ നീട്ടി പുഞ്ചിരിച്ച ആ മുഖം ഈ ജന്മം എനിക്ക് മറക്കാന്‍ കഴിയുമോ? "വേണ്ടാ ഇത് മോന്‍റെ കയ്യില്‍ വച്ചോ" എന്ന എന്‍റെ വാക്കുകള്‍ക്ക്..
"എനിക്കിനി എന്തിനാടാ ചേട്ടാ ഈ പേന" എന്നുള്ള ഒന്നുമറിയാത്ത അവന്‍റെ തിരിച്ചറിവും ആ വാക്കുകളും എന്‍റെ ജീവിതത്തെ തന്നെ പിടിച്ചുലയ്ക്കുന്നു. അതാണ്‌ എന്‍റെ അനിയന്‍ എന്നോട് പറഞ്ഞ അവന്‍റെ അവസാന വാക്കുകള്‍.....

പിന്നേ അവനെ ഞാന്‍ കാണുന്നത് ഞങ്ങളില്ലാത്ത ലോകത്ത് ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുമ്പോള്‍ ആണ്. ഒന്നുമറിയാതെ അകാലത്തില്‍ പൊഴിഞ്ഞു പോയാ ആ പന്ത്രണ്ടു വയസ്സുക്കാരന്‍റെ അവസ്ഥയില്‍ വേദനിക്കുന്ന ഒരുപറ്റം ജനങ്ങളുടെ കണ്ണുനീരോ വേദനയോ കാണാതെ നിഷ്കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് ഉറങ്ങുന്ന എന്‍റെ പോന്നനിയനെ കണ്ടപ്പോള്‍ കാലുകള്‍ തളര്‍ന്നു വീണുപോയ എന്നെ വിറയ്ക്കുന്ന കൈകളാല്‍ കോരി എടുത്തു നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് "എന്‍റെ മോനാ ഇവന്‍. എന്‍റെ പൊന്നുമോന്‍" എന്ന് പറഞ്ഞു എന്‍റെ നെറുകയില്‍ ചുംബിച്ച് വാല്‍സല്യത്തോടെ "കണ്ണാ" എന്ന് വിളിച്ചു വിതുമ്പി കരഞ്ഞ എന്‍റെ അപ്പന്‍റെ മനോവേദനകള്‍.
തളര്‍ന്നു എന്നെ നോക്കി നിശബ്ദമായി കണ്ണുനീര്‍ വാര്‍ക്കുന്ന എന്‍റെ പൊന്നമ്മയുടെ തോരാത്ത കണ്ണ് നീര്‍.....
ഇന്നും എന്‍റെ സകല സപ്തനാടികളുടെയും ശക്തിയെ ചോര്‍ത്തുന്ന സത്യങ്ങള്‍....

നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍. എന്നെ ഏകാന്തതയുടെ തടവറയില്‍ അടച്ചിട്ട് പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ദിനരാത്രങ്ങള്‍.

ഓണവും വിഷുവും ക്രിസ്മസ്സും എല്ലാം ഓര്‍മകളില്‍ ഒതുങ്ങിപ്പോയ ഇരുട്ടുവീണ എന്‍റെ ജീവിതം. അവന്‍റെ അഭാവം എന്നെയും എന്‍റെ മാതാപിതാക്കളെയും തളര്‍ത്തി ഞങ്ങളെ എന്നും കരയിപ്പിക്കുന്ന നഗ്നസത്യം. ഇതാ വീണ്ടുമൊരു ഓണക്കാലം വരവായി അയല്‍വാസികള്‍ ഓണവും ക്രിസ്മസ്സും ആഘോഷിക്കാനുള്ള തയ്യാറെടുപ്പില്‍ ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ കെടാവിളക്ക് കത്തുന്ന എന്‍റെ അനുജന്‍റെ ഫോട്ടോയ്ക്കു മുന്നില്‍ ഇടറുന്ന മനസ്സുമായി എന്‍റെ വരവും കാത്തിരിക്കുന്ന എന്‍റെ പാവം അപ്പനും അമ്മയും. ഓര്‍മ്മകള്‍ എന്നെ ഒരുപാട് പിറകിലേയ്ക്ക് കൊണ്ട് പോയി.
ഇടറുന്ന മനസ്സുമായി ഞാന്‍ ഇതൊക്കെ എഴുതുമ്പോള്‍ എന്‍റെ കണ്കോണിലൂടെ അടര്‍ന്നു വീണത് രക്തതുള്ളികളായിരുന്നു.

1 comment: