എഴുത്തുകാരന്‍

താന്‍ ഒരെഴുത്തുകാരന്‍ ആണോ?
അങ്ങനെയൊരു ചിന്ത തനിക്കിന്നുവരെ ഉണ്ടായിട്ടില്ല, മറിച്ച് താന്‍ എഴുതും എന്ന് സ്വയം ബോധിപ്പിക്കാന്‍ ആണ് അയാള്‍ ശ്രമിച്ചത്‌.

അതും ഒരു വിഡ്ഢിത്തം ആണെന്ന് അറിഞ്ഞിട്ടുകൂടി അങ്ങനെയൊക്കെ ചെയ്തു.  നേടണം എന്നുണ്ടായിരുന്ന സ്വപ്നങ്ങള്‍ നഷ്ടമായപ്പോള്‍, സ്വന്തം ജീവിതത്തില്‍ ഒന്നുമൊന്നും നേടാന്‍ അയാള്‍ക്കായില്ല.
അതില്‍ നിന്നെല്ലാമുള്ള ഒരു രക്ഷാമാര്‍ഗമായി അയാളതിനെ കണ്ടു.

എല്ലാം വിധിയുടെ വിളയാട്ടമോ? അതോ കയ്യെത്തും ദൂരത്തുണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ അയാള്‍ സ്വയം നഷ്ടമാക്കിയതോ?
ആഗ്രഹങ്ങളെയും, ആശകളെയും കാറ്റില്‍ പറത്തിക്കൊണ്ട് എന്തിനുവേണ്ടിയാണ് താന്‍ ഓടിയകന്നത് എന്ന ചോദ്യത്തിന് മറുപടി എന്നോണം മുംബൈ തെരുവുകള്‍ അയാളെ നോക്കി കണ്ണിറുക്കി കാണിച്ചു. ഈ തെരുവ് വീഥികളിലൂടെ നടന്നകലുമ്പോള്‍, ആര്‍ത്തിരമ്പുന്ന വാഹനങ്ങളെയും, തന്നെ മറികടന്ന് നടന്നകലുന്ന മനുഷ്യരെയും നോക്കി അയാള്‍ നടന്നു, പരിചിതമല്ലാത്ത ആ തിരക്കുകള്‍ അയാളെ അത്ഭുതപ്പെടുത്തി. വര്‍ഷങ്ങളുടെ പരിചയം ഈ തെരുവുമായി ഉണ്ടെങ്കിലും ഇപ്പോള്‍ താന്‍ കണ്ട ഒരു മനുഷ്യനെയും താന്‍ ഇതിനുമുന്‍പ്‌ ഇവിടെ കണ്ടിട്ടില്ല.
തെരുവോരങ്ങളില്‍ അരചാണ്‍ വയറിന്‍റെ വിശപ്പടക്കുവാനും കൂടെയുള്ളവരുടെ വയര്‍ നിറയ്ക്കുവാനും വേണ്ടി മനുഷ്യന്‍ ചെയ്തു കൂട്ടുന്ന എല്ലാ അഭാസത്തരങ്ങളുടെയും അക്രമങ്ങളുടെയും ആകെത്തുകയായ മുംബൈ നഗരം, അതിന്‍റെ അകത്തളങ്ങളിലെ കഥകള്‍ വര്‍ണ്ണശബളമായ പുസ്തകത്താളുകളില്‍ ആലങ്കാരികമായിത്തന്നെ അയാള്‍ എഴുതികൂട്ടി. ഓര്‍മകളില്‍ തന്‍റെ നഷ്ട സ്വപ്നങ്ങളും, പാതിവഴിയില്‍ തളര്‍ന്നു വീണു സ്വയം എരിഞ്ഞടങ്ങിയ മോഹങ്ങളും അങ്ങകലെ തന്നെ കയ്യെത്തിപിടിക്കാത്തത്ര ദൂരത്തിലാണ് എന്ന തോന്നല്‍ അയാളെ സമാധാനിപ്പിച്ചു. അവയെയും അയാള്‍ തന്‍റെ കലാസൃഷ്ടികളാക്കി. വായിക്കാന്‍ ആരുമില്ലാതെ ആ പുസ്തകത്താളുകള്‍ അയാളുടെ മുറിയെ അലങ്കരിച്ചു കിടന്നു. തന്നില്‍ ഒരെഴുത്തുകാരന്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന് അയാളെ ഉത്തേജിപ്പിക്കും വിധം. 
അജ്ഞാതമായ എകാന്തവാസത്തെ അയാള്‍ ശരിക്കും ഇഷ്ടപെട്ട് തുടങ്ങിയിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന ചവറ്കൂനകള്‍ക്ക്‌ ഇടയിലൂടെ മൂക്കുപൊത്താതെ മുഖം ചുളിക്കാതെ അയാള്‍ നടന്നകന്നു. ഓര്‍മകളില്‍ നിന്നും വീണ്ടും ആക്രമണം ഉണ്ടാവുമോ എന്ന ചിന്ത അയാളെ പരിഭ്രാന്തനാക്കികൊണ്ടേയിരുന്നു.
ഇനിയൊരു ആക്രമണം കൂടെ ഉണ്ടായാല്‍ ഈ നഗരവും വിട്ടെറിഞ്ഞ്‌ താന്‍ ദൂരെ എങ്ങോട്ടെങ്കിലും പോകേണ്ടി വരുമല്ലോ എന്നോര്‍ത്തയാള്‍ നെടുവീര്‍പ്പിട്ടു. നഷ്ടപെടാന്‍ അയാള്‍ക്ക്‌ ഒന്നും ഉണ്ടായിട്ടല്ല. ഈ നഗരത്തിരക്കിന്‍റെ കുത്തൊഴുക്കില്‍ പ്രേരിതനാകാതെ, ഒഴുകിനടക്കുമ്പോള്‍ ജീവിതം രസകരമായി അയാള്‍ക്ക്‌ തോന്നി. നഷ്ടപെട്ട ബന്ധങ്ങളെ ഓര്‍ത്തുള്ള കുറ്റബോധം ഒഴിഞ്ഞ മദ്യക്കുപ്പികളായി അയാളുടെ റൂമിന്‍റെ മൂലയില്‍ കൂന കൂടി.
തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഓര്‍മകളെ അയാള്‍ മദ്യത്തിന്‍റെ ലഹരിയില്‍ നിശബ്ദനായി ചെറുത്തുകൊണ്ടിരുന്നു.
ഓര്‍മ്മകള്‍ക്ക് വീണ്ടും തീ പിടിച്ചപ്പോള്‍ താന്‍ കുരുതികൊടുത്ത ആശകളും മോഹങ്ങളും തനിക്ക് ചുറ്റും നൃത്തം വയ്ക്കുന്നതയാള്‍ കണ്ടു. ഭീകര സത്വങ്ങളായി അവ തന്റെ നേരെ ചുവടു വച്ചടുക്കുന്നതും, തന്നെ ആക്രമിക്കാന്‍ കോപ്പ് കൂട്ടുന്നതും കണ്ട അയാള്‍ അടുത്ത് കണ്ട ബാറിനുള്ളിലെയ്ക്ക് പ്രാണരക്ഷാര്‍ത്തം ഓടിക്കയറി. ഗ്ലാസ്സില്‍ നുരഞ്ഞ് പൊങ്ങുന്ന തണുത്ത ബിയര്‍ മൊത്തികുടിക്കുമ്പോള്‍ നഷ്ടസ്വപ്നങ്ങളുടെ ആക്രമണത്തെ ചെറുക്കുവാനും എതിര്‍ത്ത്‌ തോല്‍പ്പിക്കുവാനുമുള്ള ശക്തി അയാള്‍ക്ക്‌ ലഭിക്കുകയായിരുന്നു. കയ്യില്‍ എരിയുന്ന സിഗരെറ്റുകള്‍  അവയെ ആക്രമിക്കാന്‍ അയാള്‍ക്ക്‌ പ്രചോദനം നല്‍കി. പക്ഷേ അപ്പോഴേക്കും അയാളില്‍ നിന്നും അകന്ന്, അവ അകലെയ്ക്കെവിടെയോ പോയ്‌ മറഞ്ഞിരുന്നു.......
അവയെ വീണ്ടും നഷ്ടമായതിന്‍റെ നൈരാശ്യത്തില്‍ അയാള്‍ മദ്യത്തിനോദ്‌ കഥകള്‍ പറഞ്ഞു, അവയുമായി ചങ്ങാത്തത്തില്‍ എര്‍പ്പെട്ടു.
വീണ്ടും അയാളുടെ നഷ്ടസ്വപ്നങ്ങളുടെ പട്ടികയില്‍ പുതിയ അതിഥികള്‍ വരുകയാണ് എന്ന സത്യം അയാള്‍ അറിയാതെ പോയതോ? അതോ സ്വയം മറന്നതോ?