Monday, July 16, 2012

ഭാഗ്യം വന്ന വഴി

എഴുതാന്‍ കഴിവുണ്ടാകുക എന്നത് ഒരു അനുഗ്രഹമാണ്....
എഴുതുവാന്‍ ശ്രമിക്കുക / ആഗ്രഹമുണ്ടാവുക എന്നത് ഒരു ഭാഗ്യവും.

ഇതില്‍ ഏതു ഗണത്തിലാണ് ഞാന്‍ എന്ന ചോദ്യം വളഞ്ഞു തലകുമ്പിട്ട് ഉത്തരം കിട്ടാതെ എന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍.., അനുഗ്രഹീതന്‍ അല്ലെങ്കിലും ഈയൊരു വിഷയത്തിലെങ്കിലും ഞാന്‍ ഒരു ഭാഗ്യവാന്‍ ആണെന്ന്  വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു...

തീര്‍ച്ചയായും കഴിവിനേക്കാള്‍ ഒരുപാട് പരിമിതികള്‍ ആഗ്രഹത്താല്‍ എഴുതുമ്പോള്‍ ഉണ്ടാകും എന്നുള്ളത് തീര്‍ച്ചയായും ഞാന്‍ മനസ്സിലാക്കുന്നു.

കാലഘട്ടങ്ങള്‍ എന്‍റെ ജീവിതത്തെ അനുകൂലവും പ്രതികൂലവുമായി ഒരുപാട് ബാധിച്ചിട്ടുണ്ടെങ്കിലും പണ്ടൊരിക്കലും ഞാന്‍ എഴുതുകയോ എഴുതുവാന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല...
കുട്ടികാലത്ത് ഹോം വര്‍ക്ക്‌ പോലും ഞാന്‍ ചെയ്യുമായിരുന്നില്ല.
പിന്നീട് ക്ലാസുകളിലും എഴുത്ത് നിര്‍ബന്ധമാണെന്ന് തോന്നിത്തുടങ്ങിയപ്പോള്‍ പഠിത്തം എന്ന മഹാപ്രതിഭാസം അങ്ങുപേക്ഷിക്കുവാന്‍ വരെ ഞാന്‍ തീരുമാനിക്കുകയുണ്ടായി....
പക്ഷെ തീരുമാനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് പഠനം ഒരു നിയോഗമായി എന്‍റെ തലയില്‍ വന്നു വീഴുകയായിരുന്നു....

തത്ഫലമായി എഴുത്തും...

അങ്ങനെ കലാലയജീവിതം ആരംഭിച്ചപ്പോള്‍ ആണ് സ്വാതന്ത്ര്യം ഞാന്‍ ആഘോഷമാക്കി മാറ്റുവാന്‍ തുടങ്ങിയത്. അതിലേറ്റവും രസകരം എഴുതുവാന്‍ താല്‍പര്യമില്ലാതിരുന്ന ഞാന്‍ ക്ലാസ്സുകള്‍ തന്നെ ബഹിഷ്ക്കരിക്കുവാനും സാധിച്ചു എന്നുള്ളതാണ്. അങ്ങനെ സംഭവബഹുലമായി ഞാന്‍ അല്പസ്വല്പം തട്ടുമുട്ടും ഒക്കെ കിട്ടിക്കൊണ്ട് തന്നെ ഞാന്‍ മാന്യമായി ജീവിച്ചപ്പോഴൊന്നും എന്‍റെ മനസ്സില്‍ എഴുത്തെന്ന അഹങ്കാരം മുളച്ചിരുന്നില്ല.....

അന്നുകാലത്ത് കുടിച്ചുകൂട്ടിയ മദ്യത്തിന്‍റെ അളവെടുത്താല്‍ ഒരുപക്ഷെ എന്നെയും എന്‍റെ കൂട്ടുകാരെയും "കേരളമാദ്യപാനത്തിന്‍റെ അപ്പോസ്തോലന്‍മാര്‍""""," എന്ന് മുദ്രകുത്തി വാഴിക്കുമായിരുന്നു നാട്ടുകാരും ബന്ധുമിത്രാതികളും. കലാലയ വരാന്തയിലൂടെ മൂന്നുവര്‍ഷത്തിനിടയ്ക്ക് ഒരിക്കല്‍പോലും കഴുകാത്ത മുഷിഞ്ഞ ജുബയും ഇട്ട് മുട്ടനാടിനെപോലെ ഊശാന്‍ താടിയും വളര്‍ത്തി നടന്നിരുന്ന കുറച്ചധികം ബുദ്ധിജീവികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
വര്‍ഷാവര്‍ഷം കോളേജ് മാഗസീനില്‍ അച്ചടിച്ചുവന്ന അവരുടെ കവിതകളും, കഥകളും, ലേഖനങ്ങളും ഒക്കെ മറ്റുള്ളവരെപ്പോലെ തന്നെ എന്നെയും അതിശയിപ്പിച്ചിരുന്നു....
"കഞ്ചാവ് ബീഡി വലിച്ചിട്ടാണത്രേ പഹയന്മാര്‍ ഈ സാഹിത്യവും മറ്റും എഴുതികൂട്ടുന്നത്‌"","
"അതെന്താ കഞ്ചാവ് സാഹിത്യം കൊണ്ടാണോ ഉണ്ടാക്കുന്നത്? അല്ലെങ്കില്‍ കഞ്ചാവ് ബീഡിയില്‍ നിന്നും വരുന്നത് കഞ്ചാവാണോ പുകയ്ക്കു പകരം'' എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യ ശരങ്ങളെ അഭിമുഖീകരിച്ചു നില്‍ക്കുന്ന എന്‍റെ നേരെ നോക്കി എന്‍റെ സുഹൃത്ത് പറഞ്ഞു.. "മണ്ടാ ലഹരി തലയ്ക്ക് പിടിച്ചാണ് ഇവനൊക്കെ എഴുതന്നത് ഹോ എന്‍റെ ദൈവമേ ഇവനെ പറഞ്ഞു മനസ്സിലാക്കാന്‍ എന്നെകൊണ്ട് മേലാ" എന്നും പറഞ്ഞവന്‍ നടന്നകന്നപ്പോള്‍ ഞാന്‍ ആര്‍ത്താര്‍ത്തു ചിരിക്കുകയായിരുന്നു....
വേറെ ഒന്നുമല്ല അങ്ങനാണേല്‍ ഫുള്‍ ടൈം ലഹരിയില്‍ നടക്കുന്ന ഞാന്‍ ഇപ്പോള്‍ കുറഞ്ഞത് ഒരു ജ്ഞാനപീഠം എങ്കിലും കരസ്ഥമാക്കിയേനെ എന്ന വസ്തുത എന്നില്‍ വീണ്ടും വീണ്ടും ചിരിയുടെ ലഹരി നിറച്ചുകൊണ്ടുമിരുന്നു....

ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ കോളേജിനകത്ത് പ്രവേശിച്ച എന്നെ നോക്കി ഒരു പരിചയവും ഇല്ലാത്ത കുറച്ചുപേര്‍ ചിരിക്കുന്നു... എന്നോട് സംസാരിക്കുന്നു...
ഇതെന്ത് മറിമായം ''ഇല്ല നിങ്ങളെയൊന്നും ശല്യം ചെയ്യാന്‍ വന്നതല്ല എന്‍റെ ബാഗ്‌ എന്ന ഭാരം ക്ലാസുമുറിയുടെ ഒരുമൂലയില്‍ ഇറക്കി വച്ചിട്ട് വന്നപോലെ ഞാനങ്ങുപോയേക്കാം"  എന്നവരോട് മനസ്സില്‍ പറഞ്ഞു.
എന്‍റെ മുഖത്ത് നിന്നും ഞാന്‍ മനസ്സില്‍ പറഞ്ഞത് വായിച്ചറിഞ്ഞ അക്കൂട്ടത്തിലൊരുത്തി എന്നെ നോക്കി പറഞ്ഞു "കവിത നന്നായിട്ടുണ്ട് കേട്ടോ"
ഓഹോ ഈ കുട്ടിയും കവയിത്രി ആയിരുന്നോ?
എന്നിട്ട് മുഷിഞ്ഞ ജുബ എവിടെ? 
ഇനി പെണ്‍കുട്ടികള്‍ക്ക്‌ ജുബ നിര്‍ബന്ധമല്ലേ?
എങ്കിലും കഞ്ചാവുബീഡികള്‍ എവിടെയായിരിക്കും? 
എവിടെ വച്ചാണാവോ ഈ കുട്ടി കഞ്ചാവ് വലിക്കുന്നത്? എന്നൊക്കെയുള്ള നിരവധി ചോദ്യങ്ങള്‍ പരേഡ്‌ നടത്തുന്ന മനസ്സുമായി നില്‍ക്കുന്ന എന്‍റെ അടുത്തേക്കവള്‍ ഒഴുകി വന്നു. കയ്യിലൊരു പുസ്തകവും. 
എന്‍റെ കളരി പരമ്പര ദൈവങ്ങളേ ഇന്നെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് അവള്‍ നീട്ടിയ പുസ്തകം ഞാന്‍ വാങ്ങി..
കവിത അവള്‍ കാണിച്ചു തന്നു... സംഭവം കൊള്ളാം മഴയും മാതൃസ്നേഹവും നിറഞ്ഞൊഴുകുന്ന ഒരു കവിത...

പക്ഷെ മുകളില്‍ ഒട്ടിച്ചിരിക്കുന്ന ചിരിച്ചു നിക്കുന്ന മുഖം.......
ഈയുള്ളവന്‍റെ?
പെരുവിരലില്‍ നിന്നും ഒരു തരിപ്പ് രൂപം പരിണമിച്ച് എന്‍റെ ഹൃദയധമനികളെ പിടിച്ചുകുലുക്കി...
എന്‍റെ ഹൃദയം മുഴക്കുന്ന പെരുമ്പറ നാദങ്ങള്‍ അവള്‍ കേള്‍ക്കരുതേ എന്ന് ഞാന്‍ ആശിച്ചു.
വിയര്‍പ്പുകണങ്ങള്‍ പൂക്കളമിട്ട മുഖത്തോടെ ഞാന്‍ എന്‍റെ ചുറ്റിനും ഒന്ന് നോക്കി, ഭൂമി കറങ്ങുന്നുണ്ടോ?
എന്‍റെ കാലുകള്‍ തളരുന്നപ്പോലെ, തൊണ്ട വരളുന്നു..
തളര്‍ന്നുപോയ ഞാന്‍ അടുത്തുകണ്ട തൂണില്‍ പതിയെ എന്‍റെ ശരീരത്തെ ചാരി. തൂണിനോട് മനസ്സില്‍ പറഞ്ഞു ഉപദ്രവിക്കരുത് പണിയെടുത്ത് ശീലമില്ലാത്ത ഒരു സാധു ശരീരമാണ്...

അവളോട്‌ ഒന്നും പറയാതെ ഒരു വളിച്ച, വിളറിയ ഇളി അവള്‍ക്കു സമ്മാനിച്ചു അവിടെ നിന്നും തിരിച്ചു നടക്കുമ്പോള്‍ എന്നെ ചതിച്ച എന്‍റെ പേര് വച്ച് എന്നെ കവിയാക്കിയ മാന്യദേഹത്തെ കണ്ടുമുട്ടുവാനുള്ള വെമ്പലില്‍ കിതച്ചിരുന്ന എന്‍റെ ശരീരത്തിന്‍റെ ഉലചിലും മനസിന്‍റെ ആവലാതിയും കുറച്ചൊന്നുമായിരുന്നില്ല.

എന്‍റെ സുഹൃത്ത് എനിക്ക് സമ്മാനിച്ച ഒരു ജന്മദിന ഉപഹാരമായിരുന്നു ആ കവിത.
അതിനു ശേഷവും ഞാന്‍ ഒരുപാട് നാളുകള്‍ മദ്യപാനത്തില്‍ ശ്രദ്ധ പതിപ്പിച്ച് ജീവിച്ചു.
അന്നൊന്നും ഒരിക്കലും ഞാന്‍ എഴുതുന്നതിനെപറ്റി ചിന്തിചിട്ടുകൂടി ഇല്ലായിരുന്നു.

ഒടുവില്‍ ഈ വിദേശജീവിതമാണ് എന്നെ ഭാഗ്യവാനാക്കിയത്‌..../.....,
എഴുതുവാന്‍ പ്രേരിപ്പിച്ചത്..
കൂടെ നല്ലവരായ എന്‍റെ ചില സുഹൃത്തുക്കളും..
ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ വലിയൊരു എഴുത്തുകാരന്‍ ആയി എന്ന അഹങ്കാരം എന്‍റെ മനസ്സില്‍ ലവലേശം  പോലുമില്ല  എന്ന വസ്തുത ഞാന്‍ വ്യക്തമാക്കിക്കൊള്ളട്ടെ.... 
എന്‍റെ പരിമിതികള്‍ ഞാന്‍ മനസ്സിലാക്കുന്നുണ്ട് എന്നിലുള്ള പോരായ്മകളെ മനസ്സിലാക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമുണ്ട്...
പ്രതികരണങ്ങളാണ് ഒരു വ്യക്തിയുടെ പോരായ്മകളെ തിരിച്ചറിയാന്‍ അവനെ പ്രേരിപ്പിക്കുന്ന വസ്തുത.

പ്രതികരണങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു.


സ്നേഹപൂര്‍വ്വം...
ജോ മിസ്റ്റെരിയോ

Saturday, July 14, 2012

എകാന്തമീ സായന്തനം

കാലം വീണ്ടും അതിന്‍റെ മായാ മരീചിക തുഴഞ്ഞു ദൂരേയ്ക്ക് ദൂരേയ്ക്ക് പോയ്ക്കൊണ്ടിരിക്കുന്നു....
അനന്തമീയാത്ര...
പുഴയും, മലയും കാടും, വയലുമെല്ലാം പിന്നിലാക്കിക്കൊണ്ട് പ്രതികാരദാഹിയായ ഒരു യക്ഷിയെപ്പോലെ നമ്മെ കടന്നു പോകുമ്പോള്‍..
വെട്ടിപിടിച്ച സ്വപ്നസൌധങ്ങളുടെ മട്ടുപ്പാവിലിരുന്നു കഴിഞ്ഞ കാലത്തിലെയ്ക്ക് ഒരു തിരിഞ്ഞു നോട്ടം..
താന്‍ വന്ന വഴികളില്‍ തന്നെ എതിരേറ്റ കാലത്തിന്‍റെ നെഞ്ചില്‍ തല ചായ്ച്ചു ഈ മനിമെദ്യുടെ മുകളില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ മനസ്സില്‍ എന്തെല്ലാമോ മിന്നി മറയുന്നു...
ഏതോ നഷ്ടസ്വപ്നങ്ങള്‍ തന്നെ വേട്ടയാടുന്നുണ്ടോ എന്നൊരു സംശയം..
ഈ വഴിയിലൂടെ നടന്നു തനിക്കരികില്‍ വന്നു പോയതാരെല്ലാമായിരുന്നു.??
തന്നില്‍ ആശകളും മോഹങ്ങളും നല്‍കി ഒടുവില്‍ മോഹഭംഗങ്ങളുടെ താഴ്വരയില്‍ തന്നെ തനിച്ചാക്കി പിരിഞ്ഞു പോയതാര്?

മനസ്സില്‍ ഒരാളെ തിരഞ്ഞപ്പോള്‍ ഒരുപാട് മുഖങ്ങള്‍ മിന്നിമറഞ്ഞു പോയി....
എരിഞ്ഞു തീരുന്ന സിഗരറ്റ് കുറ്റികള്‍ ആഷ്ട്രെ നിറഞ്ഞു പുറത്തേയ്ക്ക് വീണു തുടങ്ങി...
ഇരിക്കുന്ന ടേബിളിനു ചുറ്റും സിഗരറ്റ് കുറ്റികളും ധൂമപടലവും മൂടപ്പെട്ട ഒരന്തരീക്ഷം സമയം സന്ധ്യയോടടുത്തിരിക്കുന്നു..
അസ്തമയ സൂര്യന്‍ കടലിന്‍റെ മടിത്തട്ടിലെയ്ക്ക് മുങ്ങാം കുഴിയിട്ടു അവളില്‍ ലയിച്ചില്ലാതാവാന്‍ വെമ്പല്‍ കൊള്ളുന്ന പോലെ....

ചേക്കേറാന്‍ ധൃതി കൂട്ടുന്ന കിളികള്‍ ആകാശ വിധാനത്തിന്‍റെ വിരിമാറിലൂടെ ചിറകുകള്‍ വീശി വീശി പറന്നു പോയി.
ഏകനായി മൂകനായി ഈ ഒഴിഞ്ഞകോണില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ എന്നെ തഴുകി തലോടുന്ന പാലപ്പൂവിന്‍റെ ഗന്ധമുള്ള ഈ കുളിര്‍ കാറ്റെറ്റു നില്ക്കാന്‍ മനസ്സ് വീണ്ടും വീണ്ടും വെമ്പല്‍ കൊള്ളുന്നു....
പോകാന്‍ സമയമായി എന്നറിയിക്കാനായിരിക്കുമോ ഗന്ധര്‍വ സംഗീതവും അവന്‍റെ സുഗന്ധവും പേറി ഈ മന്ദമാരുതന്‍ എന്നെ തഴുകി തലോടി എന്‍റെ ചിന്ധാധരണികളില്‍ നിന്നും ഉണര്‍ത്തിയത്..
പോകാന്‍ സമയമായിരിക്കുന്നു.. അതാ രജനീ പുഷ്പ്പങ്ങള്‍ മിഴികള്‍ തുറന്നു കഴിഞ്ഞിരിക്കുന്നു.
ഈ ഒഴിഞ്ഞ ശാന്ത സുന്ദരമായ സായാഹ്നം ആസ്വദിക്കുവാന്‍ ഇനി വരുവാന്‍ ആകുമോ എന്നെനിക്കറിയില്ല..
എങ്കിലും ഞാന്‍ വരും.....